വ്യക്തിപരമായ കാരണങ്ങളാൽ ഒരു വിട വാങ്ങൽ നടത്തിയതാണ്. എങ്കിലും വരികൾ തേടിയെത്തി. എഴുതി, സ്വയം വായിച്ചു. ആർക്കും വായനയ്ക്ക് വിട്ടു കൊടുക്കാതെ വരികളെ ബന്ധനസ്ഥരാക്കി. അവരൊരു വിപ്ലവം നടത്തി. വീണ്ടുമിവിടെ എഴുത്തിടത്തിൽ വന്നിരിക്കാൻ, വായിക്കുന്നവരുടെ ഇടയിൽ. "ഞങ്ങൾ നിങ്ങളുടെ മാത്രം സ്വന്തമല്ല, വായിക്കുന്നവരുടെ കൂടിയാണ്" എന്ന ശക്തമായ മുദ്രാവാക്യവുമായി. അവർ ജയിച്ചു. സമരം ചെയ്തതവരാണെങ്കിലും സ്വാതന്ത്ര്യം- അവർക്കും, എനിക്കും. ഇനി വീണ്ടും പറഞ്ഞു തുടങ്ങാം, ഇടറി വീണ ഇടത്തിൽ നിന്നു തന്നെ: ഒറ്റയിരിപ്പിനു വായിച്ചു തീർത്ത ഒരുപാടു പുസ്തകങ്ങളിലെ ഒരാളായി മാറുവാനേറെ ആഗ്രഹിച്ചതും, പിന്നീട് ഓർമ്മ മുഴുവൻ പകുതിയിലുപേക്ഷിച്ചു പുതിയതൊന്നിൽ ചേക്കേറാൻ വെമ്പൽ കൊണ്ടതും, ഒടുവിലൊരു കടലാസിൽ മറന്നു വെച്ച മനസ്സു തേടി അലഞ്ഞതും, വഴി തീരുന്നിടത്തിരുന്നു കരഞ്ഞതും, അതിനെ ജീവിതമെന്നു വെറുതെ വിളിച്ചതും... അങ്ങനെയാണ് കഥ പറയേണ്ടത്; പിന്നെയൊരിക്കൽ, എന്നെക്കുറിച്ചു നിന്നോടു ചോദിച്ചാൽ, ചോദിച്ചാൽ മാത്രം. #വരികൾവീണവഴികൾ #വീണ്ടുംവായിക്കുന്നവർക്കിടയിൽ #yqmalayalam #yqquotes #yqwriteups